Online Malayalam Daily

വ്രതം വിശ്വാസികളുടെ പരിചയാണ്‌

റമദാന്‍ വിശ്വാസികള്‍ക്ക്‌ വ്രതക്കാലമാണ്‌. വ്രതം പ്രത്യക്ഷത്തില്‍ കാണുന്നവര്‍ക്ക്‌ വെറും പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള പട്ടിണി കിടക്കലാണ്‌. ഒരു മതം അതില്‍ വിശ്വസിക്കുന്നവരെ ഇത്രമേല്‍ പ്രയാസപ്പെടുത്തുമോ എന്നു ചിന്തിക്കുന്നവരുണ്ടാകും. കാരണം പട്ടിണി മനുഷ്യന്റെ ജീവനെ അപകടപ്പെടുത്തുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണല്ലോ. എന്നാല്‍ ഇസ്ലാം എന്തിനാണ്‌ ഈ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന വ്രതം വിശ്വാസികള്‍ക്ക്‌ നിര്‍ബന്ധമാക്കിയതെന്ന്‌ ഇസ്ലാമിനെ അടുത്തറിഞ്ഞാല്‍ വ്യക്‌തമാവും. ഒരിക്കലും മാനുഷികമല്ലത്ത ഒരു നിലപാട്‌ ഇസ്ലാമിന്റെ പക്ഷത്തുനിന്ന്‌ ഉണ്ടാവുകയില്ല. വ്രതം പരിചയാണ്‌ എന്ന്‌ ഒരു പ്രവാചകാധ്യാപനത്തില്‍ കാണാം. എന്താണ്‌ പരിച എന്ന ഈ എന്ന ഈ പദം കൊണ്ട്‌ പ്രവാചകര്‍ അര്‍ഥമാക്കിയത്‌? യുദ്ധസമയത്തും ആപത്തുകളിലും ഉപയോഗിക്കാനുള്ള പരിചയാണെന്നാണോ? അല്ല, മറിച്ച്‌ മനുഷ്യനെ തെറ്റുകളില്‍ നിന്നും തെറ്റായ ചിന്തകളില്‍ നിന്നും തടഞ്ഞു നിര്‍ത്താനുള്ള മഹത്തായ പരിചയാണ്‌ വ്രതം എന്നാണത്‌. വ്രതത്തിലുടെ മനുഷ്യന്‍ മാനസികമായും ശാരീരികമായും സംസ്‌കരിക്കപ്പെടും. കാരണം ഒരു മാസം വിശ്വാസി സഹിച്ചും ക്ഷമിച്ചും വ്രതമാചരിക്കുന്നത്‌ വെറും പട്ടിണികിടക്കാന്‍ വേണ്ടിയല്ല. മറിച്ച്‌, ആദ്യമായി അവന്‍ നോമ്പനുഷ്‌ഠിക്കുന്നത്‌ തന്റെ സൃഷ്‌ടാവിനോടുള്ള അങ്ങേയറ്റത്തെ വിധേയത്വമറിയിക്കാനാണ്‌. ആരുമറിയാതെ അവന്‌ ആ വ്രതത്തെ മുറിച്ച്‌ കളയാമായിരുന്നു. എന്നാല്‍ അത്‌ ചെയ്ാതയിരുന്നത്‌ ദൈവത്തിന്റെ പ്രീതി കാംക്ഷിച്ച്‌ കൊണ്ടുമാത്രമാണ്‌. അതുകൊണ്ടുതന്നെ വ്രതം അനുഷ്‌ഠിക്കുന്നവന്‌ ദൈവത്തിന്റെയടുത്ത്‌ മറ്റുള്ളവര്‍ക്ക്‌ ഇല്ലാത്ത സ്‌ഥാനമുണ്ട്‌. മറ്റൊരു കാര്യം നോമ്പ്‌ പണക്കാരനെ പാമരനോട്‌ താദാത്മ്യപ്പെടുത്തുന്നുണ്ട്‌. പാമരന്‍ അനുഭവിക്കുന്ന പട്ടിണിയുടെ കഠിന പരിസരങ്ങളെ ഇസ്ലാം ലോകമാനസങ്ങളെ പഠിപ്പിക്കുകയാണ്‌ നോമ്പിലൂടെ. പ്രഭാതം മുതല്‍ പ്രദോഷംവരെ വ്രതമനുഷ്‌ഠിക്കുമ്പോഴേക്ക്‌ പട്ടിണിയുടെ കാഠിന്യം മനസിലാക്കുന്ന ഒരു വിശ്വാസിക്ക്‌ ജീവിതകാലം മുഴുവന്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്നവരുടെ പ്രയാസത്തിലേക്ക്‌ തിരിഞ്ഞു നോക്കാതിരിക്കാനാവുമോ?. ഇങ്ങനെ ക്ഷമയും സഹനവും സഹാനുഭൂതിയും തുടങ്ങി ഒട്ടനവധി സദ്‌പ്രവര്‍ത്തനങ്ങള്‍ റമദാനിലുണ്ട്‌. അതുകൊണ്ട്‌ പുണ്യറമദാന്‍ മാനവികതയുടെ മാസമാണ്‌. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാന്‍ പ്രത്യേകം നിശ്‌ചയിച്ച മാസം.സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി

Comments are closed.