Kerala

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വിന്‍സെന്റ് എം.എല്‍.എക്ക് ജാമ്യമില്ല

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ എം.വിന്‍സെന്റ് എം.എല്‍.എക്ക് ജാമ്യമില്ല. കേസില്‍ വിന്‍സെന്റിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കേസിലെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.
എന്നാല്‍ വിന്‍സെന്റിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണെന്നും പോലീസ് റിപ്പോര്‍ട്ടിലുള്ളതുപോലെ വീട്ടമ്മയെ രണ്ടു പ്രാവശ്യം പീഡിപ്പിച്ചുവെന്ന് പറയുന്ന സമയങ്ങളില്‍ വിന്‍സന്റ് മണ്ഡലത്തില്‍ പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നുവെന്നും പ്രതിഭാഗം വാദിക്കുന്നു. ഇതിന് തെളിവായി പരിപാടിയില്‍ പങ്കെടുത്തതിന്റെ ഫോട്ടോയും നോട്ടീസും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച ശേഷമാണ് ജാമ്യാപേക്ഷ കോടതി ഇന്ന് വിധി പറയാനായി മാറ്റിയത്. അതേസമയം ബിവറേജസ് ഔട്ട് ലറ്റിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് വിന്‍സെന്റ് എം.എല്‍.എയ്‌ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. നിയമസഭ സമ്മേളനം നടന്നുകൊണ്ടിരിക്കെ എം.എല്‍.എയുടെ ജാമ്യഹര്‍ജിയിലുള്ള കോടതിവിധി രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കിയിരുന്നു.
പരാതിക്കാരിയായ സ്ത്രീയെ രണ്ടു പ്രാവശ്യം ബലാത്സംഗം ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പീഡനവും നിരന്തര ഭീഷണിയും സഹിക്കവയ്യാതെയാണ് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് വീട്ടമ്മയുടെ ഭര്‍ത്താവ് പോലീസില്‍ നല്‍കിയ പരാതിയില്‍ കൊല്ലം സിറ്റി പോലീസ് കമ്മിഷണറായിരുന്ന അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെയും സംഭവത്തെപ്പറ്റി വീട്ടമ്മ മുമ്പ് വെളിപ്പെടുത്തിയിട്ടുള്ള ചിലരുടെയും രഹസ്യമൊഴിയും ഫോണ്‍ കോള്‍ വിശദാംശങ്ങളും രേഖപ്പെടുത്തിയ പോലീസ് ഇവ തെളിവുകളായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ സാക്ഷി മൊഴികളുടെ സി.ഡിയും ഹാജരാക്കി. എം.വിന്‍സെന്റിന് ജാമ്യം നല്‍കിയാല്‍ ഇരയുടെ ജീവന് ഭീഷണിയാണെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കഴിഞ്ഞയാഴ്ച കോടതിയെ ബോധിപ്പിച്ചിരുന്നു.

To Top