Online Malayalam Daily

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു

അക്രമ രാഷ്ട്രീയത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബി.ജെ.പിയുടെ ഏക എം.എല്‍.എയായ ഒ.രാജഗോപാലും കേരളാ കോണ്‍ഗ്രസ് (എം)ഉം വാക്കൗട്ട് നടത്തി.
സംസ്ഥാനത്ത് നടക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.മുരളീധരന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് കേരളത്തെ കൊലക്കളമാക്കുകയാണ്. പോലീസ് നിഷ്‌ക്രീയമായ അവസ്ഥയിലാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
എന്നാല്‍, രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാവും. സമാധാനം പുന:സ്ഥാപിക്കാന്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സമാധാനം ഉണ്ടാവാന്‍ പോലീസ് മാത്രം വിചാരിച്ചതുകൊണ്ട് കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് പ്രതിപക്ഷം ബാനറുകളുമായി നടുത്തളത്തിലിറങ്ങിയത്.
തിരുവനന്തപുരത്തെ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ മെഡിക്കല്‍ കോഴ മറച്ചുവെക്കാനായി ബിജെപി കരുതിക്കൂട്ടി നടത്തിയതാണെന്നും ഇത്തരത്തിലുള്ള ശ്രമങ്ങളുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായും മുഖ്യമന്ത്രി ചോദ്യോത്തര വേളയില്‍ നിയമസഭയെ അറിയിച്ചു. മെഡിക്കല്‍ കോഴ ആരോപണത്തിലെ വിജിലന്‍സ് അന്വേഷണം തൃപ്തികരമാണെന്നും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമായ ഘട്ടത്തില്‍ അത് പ്രഖ്യാപിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോഴയില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട്. ഇത് പൂര്‍ത്തിയായ ശേഷം വേണമെങ്കില്‍ കേന്ദ്ര ഏജന്‍സിക്ക് വിടാം. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായ ശേഷം ഇക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശബരിമല വിമാനത്താവളം പണിയുവാന്‍ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഭൂമി സംസ്ഥാന സര്‍ക്കാരിന്റേതാണ്. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ, ചെറുവള്ളി എസ്റ്റേറ്റില്‍ ദേവസ്വത്തിന്റെ 100 ഏക്കര്‍ ഭൂമിയുണ്ടെന്നും ഇത് ദേവസ്വത്തിന് തിരികെ നല്‍കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളികൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.രാവിലെ ബിജെപി-സിപിഎം സംഘര്‍ഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്.

Comments are closed.