Online Malayalam Daily

ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ തകർത്ത പ്രതി അറസ്റ്റിൽ

മലപ്പുറം: നിലമ്പൂർ- പൂക്കോട്ടുംപാടം വില്വത്ത് മഹാക്ഷേത്രത്തിലെ പ്രതിഷ്ഠകൾ തകർത്ത സംഭവത്തിലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കവടിയാർ സ്വദേശി രാജാറാം മോഹൻദാസ് പോറ്റി എ.ഈശ്വരനുണ്ണി (37) യെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ പത്തുമണിയോടെ ഇയാൾ പോലീസ് പിടിയിലായിരുന്നു. രാത്രി വൈകിയും ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇയാൾ ഒൻപത് വർഷമായി മമ്പാട് പൊങ്ങല്ലൂരിൽ താമസിച്ചുവരികയാണ്. ഇയാൾ കുറ്റസമ്മതം നടത്തിയതായും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്നുമാണ് ലഭിക്കുന്ന സൂചന.
ഇന്നലെ രാവിലെയാണ് ചിരപുരാതന പ്രധാന്യമുള്ള പൂക്കോട്ടുംപാടം വില്വത്ത് മഹാക്ഷേത്രത്തിലെ വിഗ്രഹങ്ങളാണ് തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശിവനും വിഷ്ണുവിനും പ്രധാന്യമുള്ള അപൂർവ്വ ക്ഷേത്രത്തിലെ ശിവന്റെയും വിഷ്ണുവിടെയും വിഗ്രഹങ്ങളാണ് തകർക്കപ്പെട്ടത്. ശനിയാഴ്ച്ച പുലർച്ചെ ക്ഷേത്രം മേൽശാന്തി വി എം ശിവപ്രസാദ് ക്ഷേത്ര നട തുറന്ന് അകത്ത് പ്രവേശിച്ച് ശ്രീകോവിലിന് മുമ്പിലെത്തിയപ്പോഴാണ് ശ്രീ കോവിലിന്റെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. അകത്തെ വിഗ്രഹം തകർന്ന നിലയിലായിരുന്നു. തൊട്ടടുത്ത വിഷ്ണുവിന്റെ ശ്രീകോവിലിന്റെ മുമ്പിലും ഇതു തന്നെയായിരുന്നു സ്ഥിതി. ഉടനെ ക്ഷേത്ര ഭാരവാഹികളെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൂക്കോട്ടുംപാടം സ്‌റ്റേഷനിൽ നിന്നും പോലീസുക്കരെത്തി ക്ഷേത്രകാവാടം അടച്ചിട്ടു. പിന്നീട് ആരെയും ക്ഷേത്രത്തിനകത്തേക്ക് കടത്തി വിട്ടില്ല. ശ്രീ കോവിലിന് മുമ്പിലെ ചെറിയ ബലിക്കല്ല് കൊണ്ടാണ് ക്ഷേത്ര വാതിലും വിഗ്രങ്ങളും തകർത്തത്. ശിവന്റെ വിഗ്രഹം പിളർന്ന നിലയിലാണ്. വിഷ്ണുവിന്റെ വിഗ്രഹം മറിച്ചിട്ട നിലയിലുമാണ് കണ്ടെത്തിയത്. രാവിലെ ആറ് മണിയോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി. ഇതേ സമയം ക്ഷേത്രത്തിൽ ഭാഗവത സപ്താഹം ശനിയാഴ്ച്ച ആറാം ദിവസമാണ് നടക്കുന്നത്. ക്ഷേത്രം പൊലീസ് കാവലിലാണെങ്കിലും സപ്താഹ ചടങ്ങുകൾ തടസ്സമില്ലാതെ തുടർന്നു.
മോഷണ ശ്രമം ഒന്നും കാണാത്തത് കൊണ്ട് സാമൂഹ്യ വിരുദ്ധർ ആണെന്ന നിഗമനത്തിലാണ് പോലീസ് സംശയിക്കുന്നത്. ക്ഷേത്രത്തിലെ ശ്രീകോവിലുകൾ പൊളിച്ച് വിഗ്രഹങ്ങൾ തകർത്ത സംഭവത്തിൽ സർവ്വകക്ഷി യോഗം പ്രതിഷേധിച്ചു. പിവി അൻവർ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ രാഷ്ട്രീയ സാംസ്‌കാരിക പാർട്ടി പ്രതിനിധികളായ എൻഎ കരീം, ഇ പദ്മാക്ഷൻ, ജോർജ്ജ് കെ ആന്റണി, ഇസ്മായിൽ മൂത്തേടം, ആർ പാർഥസാരഥി, എംഎ റസാഖ്, പിവി മുരളീധരൻ, സിടി വിദ്യാധരൻ, കെസി വേലായുധൻ, എം കുഞ്ഞുമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

ക്ഷേത്രം ഓഫീസിൽ വിളിച്ച് ചേർത്ത സർവ്വ കക്ഷി യോഗത്തിനിടെ ചിലർ തള്ളിക്കയറിയത് സംഘർഷത്തിനിടയാക്കി. അതിനിടെ, പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ അമരമ്പലം പഞ്ചായത്തിൽ രാവിലെ പതിനെന്ന് മണിമുതൽ വൈകിട്ട് അഞ്ച് മണി വരെ ഹർത്താൽ നടത്തി.

Comments are closed.