Kerala

ഒത്തുകളി വിവാദം, ശ്രീശാന്തിന്റെ വിലക്ക് ഹൈക്കോടതി നീക്കി

കൊച്ചി: ഐ.പി.എല്‍ ആറാം സീസണിലെ ഒത്തുകളി വിവാദത്തില്‍പെട്ട മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി. ഐ.പി.എല്‍ ഒത്തുകളിയെ തുടര്‍ന്ന് ശ്രീശാന്തിനെ 2013 മേയ് 16 ന് മുംബൈയില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് ശ്രീശാന്തിനെ ബി.സി.സി.ഐ മാച്ചില്‍ നിന്ന് സസ്‌പെന്റ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു. അച്ചടക്ക സമിതി നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2013 ഒക്ടോബര്‍ മൂന്നിന് ശ്രീശാന്ത് കുറ്റക്കാരാനാണെന്ന് കണ്ടെത്തി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ദേശീയ, രാജ്യാന്തര മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനു പുറമേ ബി.സി.സി.ഐയുടെയോ ഇതിനു കീഴിലുള്ള സ്ഥാപനങ്ങളുടെയോ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതും തടഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.
സ്‌കോട്ട്‌ലാന്റ് ലീഗില്‍ കളിക്കാന്‍ എന്‍.ഒ.സി നല്‍കാന്‍ ബി.സി.സി.ഐയോട് നിര്‍ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ രണ്ട് ആവശ്യങ്ങളും ബി.സി.സി.ഐ തള്ളി.
തനിക്ക് വാദങ്ങള്‍ ഉന്നയിക്കാന്‍ മതിയായ അവസരം നല്‍കാതെ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്ക് പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതാണെന്ന് ഹര്‍ജിയില്‍ ശ്രീശാന്ത് പറയുന്നു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മക്കോക്ക)പ്രകാരമുള്ള കുറ്റം ഉള്‍പ്പടെ ചുമത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് പട്യാല അഡി. സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. വിലക്ക് നീക്കാന്‍ രണ്ടു തവണ അപേക്ഷ നല്‍കിയിട്ടും ബി.സി.സി.ഐ നടപടിയെടുത്തില്ല. ഇപ്പോള്‍ സ്‌കോട്ട്‌ലാന്റിലെ ഗ്ലെന്റോത്ത്‌സ് ക്ലബ്ബിനുവേണ്ടി പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ശ്രീ്ക്ക് ക്ഷണം ലഭിച്ചിരുന്നു. തുടര്‍ന്നാണ് വിലക്ക് നീക്കാന്‍ വേണ്ടി ഹൈക്കോടതിയെ ശ്രീശാന്ത് സമീപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top